Thursday 12 September 2019

അരീരം


ഇത് കൂടുതൽ പേർക്കും അറിയാമായിരിക്കും അല്ലേ. എന്നാലും fb ഇൽ ഒരു ഗ്രൂപ്പിൽ മാത്രമേ ഇത് പോസ്റ്റ്‌ ചെയ്ത് കണ്ടുള്ളു. അതും കടപ്പാട് ഫോട്ടോയോട് കൂടി. അത് പക്ഷെ നമ്മുടെ സ്റ്റൈൽ ആയിരുന്നില്ല. മലപ്പുറം സ്റ്റൈൽ ആയിരുന്നു.
ഞാൻ എന്റെ ഉമ്മയുടെ റെസിപ്പിയും കൊണ്ടാണ് വന്നത്. ഞാൻ ബഹ്റൈനിലേക്കു വരുമ്പോഴും ആരെങ്കിലും ഇവിടേയ്ക്ക് വരുമ്പോഴും ഉമ്മ ഇത് അധികവും കൊടുത്തയക്കാരുണ്ടായിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു ഒരുവിധം പലഹാരങ്ങൾ ഒന്നും ഇഷ്ടപ്പെടാത്ത എന്റെ മോൾക്ക്‌ ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഇത്. ഉമ്മയുടെ ടെസ്റ്റിൽ കഴിക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ട് ഞാനും ഉണ്ടാക്കാറില്ലായിരുന്നു. ഇടക്കു മോൾക്ക്‌ ഒരാഗ്രഹം. ഉമ്മാമ്മയുടെ അരീരം വേണമെന്ന്. എല്ലാം പരീക്ഷിക്കുന്നുണ്ടല്ലോ പിന്നെന്താ ഇതുണ്ടാക്കിയാൽ എന്ന ചോദ്യവും. ഉമ്മയെ വിളിച്ചു റെസിപ്പി ചോദിച്ചു. ഉമ്മ ഉണ്ടാക്കേണ്ട വിധം പറഞ്ഞുതന്നു. കൈകണക്കായതിനാൽ ഉമ്മാക്ക് അളവൊന്നും പറയാൻ അറിയില്ലല്ലോ. അപ്പോഴാണ് ഇതേക്കുറിച്ചു പരതിനോക്കിയത്. ഉമ്മ സ്റ്റൈൽ എവിടെയും കണ്ടില്ല.
ഉമ്മ പറഞ്ഞ രീതിയിൽ ഒരു ഏകദേശ കണക്കിൽ ഞാനും ഉണ്ടാക്കി. ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ ഉമ്മാമ്മയുടേതാണ് ടേസ്റ്റ് അതിന്റെ അടുത്തുപോലും എത്തിയില്ല എന്ന പരാതിയും 😭. വീണ്ടും വീണ്ടും ശ്രമിച്ചു അവസാനം ok എന്നാലും പോരാ എന്നായി.
ഏതായാലും ഷെയർ ചെയ്തുകളയാം എന്നുകരുതി വീഡിയോ ഉണ്ടാക്കി.
ആവശ്യമായ ഐറ്റംസ്
1 കപ്പ്‌ പച്ചരി നന്നായിപൊടിച്ചു എടുത്തത് (ഉമ്മ അരിപ്പയിൽ അരിച്ചെടുക്കും )
1 കപ്പ്‌ തേങ്ങ അരച്ചത് (പച്ചത്തേങ്ങ ആയാൽ നല്ലത് )
വെല്ലം (ശർക്കര ) 2 ആണി കട്ടിയിൽ കുറുക്കി എടുത്തത്.
കുറച്ചു ഏലക്ക
ആവശ്യത്തിന് ഉപ്പ്‌.
പച്ചരിയും ഏലക്കായും ഉപ്പും തേങ്ങയും മിക്സ്‌ ചെയ്തു നല്ല ചൂടോടെ ശർക്കരപ്പാനി ഒഴിച്ച് ഉമ്മ അടച്ചുവെച്ചു പിറ്റേന്നെ ഫ്രൈ ചെയ്യുകയുള്ളൂ. പുളിക്കുകയൊന്നും ഇല്ല. അതുകൊണ്ടാണ് ഉമ്മയുടേത് മോൾക്ക്‌ കൂടുതൽ ഇഷ്ടമായത് എന്ന് തോന്നുന്നു. പിന്നേ പച്ചത്തേങ്ങ ഉള്ള അവസരത്തിലാണ് കുടുതലും ഉണ്ടാക്കുന്നത്. പിന്നേ ഇഷ്ടംപോലെ ചേർക്കുകയും ചെയ്യും. തേങ്ങ കൂടുതൽ ആയാലും ടേസ്റ്റ് കൂടും.
ഞാൻ ശർക്കരപ്പാനി ഒഴിച്ച് കുറച്ചു കഴിഞ്ഞ ഉടനെ ഫ്രൈ ചെയ്തിരുന്നു. പിന്നീട് കുറച്ചു മണിക്കൂർ വെച്ചുനോക്കി. അപ്പോൾ നല്ല ടേസ്റ്റ് വരുന്നുണ്ട്. ഇവിടെ നല്ല ചുടായതിനാൽ പുളിച്ചുപോവുമോ എന്നപേടിയിലാണ് വേഗം ഫ്രൈ ചെയ്യുന്നത്.
ശർക്കരപ്പാനി ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം കൂടുതൽ ആവരുത്. കുഴച്ചെടുക്കുന്ന പരുവം. ലൂസായി എന്ന് തോന്നുന്ന വിധത്തിൽ. അഥവാ കൂടുതൽ ലുസായാൽ കുറച്ചു മൈദ ചേർത്താൽ കുറച്ചുകൂടി സോഫ്റ്റാവും.
ഉഴുന്ന് വടപോലെ ഒരു തുളയൊക്കെ ഇട്ടു ഫ്രൈ ചെയ്തെടുക്കാം.
ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിച്ചു വെക്കാം ഈ അരീരം.

Post a Comment

Whatsapp Button works on Mobile Device only

Start typing and press Enter to search